പാലാ: ഹൃദയഭേദകമായിരുന്നു ഇന്നലെ നിറഞ്ഞൊഴുകുന്ന മീനച്ചിലാറിലെ കാഴ്ച. വിഷംപേറുന്ന വെള്ളമാണ് മീനച്ചിലാർ വഹിച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഇടതടവില്ലാതെ പ്രവഹിച്ചു.
ഇതു മണിക്കൂറുകളോളം നീണ്ടുനിന്നു. ഈ മാലിന്യങ്ങൾ എത്രമാത്രം ജലസ്രോതസുകളെ വിഷലിപ്തമാക്കുമെന്നാണ് കണ്ടുനിന്നവർ ആശങ്കപ്പെട്ടത്. ഗുരുതരമാണ് ഈ അവസ്ഥ. ഈ മാലിന്യങ്ങളിൽ എന്തെല്ലാം വിഷവസ്തുക്കളുണ്ടെന്ന് ആർക്കാണ് അറിയുന്നത്.
ഇത്രമാത്രം മാലിന്യം ആറിലേക്കെത്തിയതിനു പിന്നിൽ അസ്വാഭാവികതയുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മീനച്ചിലാറിന്റെ പ്രഭവകേന്ദ്രം മുതലുള്ള മാലിന്യങ്ങളാണ് കിലോമീറ്ററുകളോളം ഒഴുകിയത്.
ആറിനു കുറുകെയുള്ള നിരവധിയായ പാലങ്ങളിലെല്ലാം മാലിന്യങ്ങൾ തങ്ങിനിൽക്കുന്നുമുണ്ട്. ആറിനു സമീപത്തെ കിണറുകൾ അടക്കമുള്ള ജലസ്രോതസുകളിലേക്കും ഈ മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ കടന്നുകയറും.